എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു അനന്തപുരിവാസി. തലസ്ഥാനമെന്ന തലക്കനം കാട്ടുന്ന നാട്ടിൽ ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

ശനിയാഴ്‌ച, മേയ് 28, 2016

സുജാത


രാവിലെ എട്ടു മണിക്ക് കവലയിൽ ഇറങ്ങി നിന്നാൽ സുജാത വളവിനപ്പുറത്തു നിന്ന്  വെട്ടപ്പെടും.  അപ്സരസുകളെ സൃഷ്ടിച്ച അച്ചിൽ ബ്രഹ്മാവ് മെനഞ്ഞ അഴകിന്റെ സ്വരൂപം!

എട്ടാം തരത്തിൽ പഠിക്കുമ്പോൾ പള്ളിക്കൂടത്തിലേക്കുള്ള മൂന്നു കിലോമീറ്റർ നടത്തത്തിന്‌ ഹരം പകർന്നന്നത് പത്താം തരത്തിലെ സുജാതയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കണ്ണുകൾ വഴിവക്കിലെ മാവിലും വഴിയേ പോകുന്ന നായിലുമായിരുന്നപ്പോൾ ഞാൻ സുജാതയെ മാത്രം കണ്ടു.  

മുട്ടു വരെയെത്തുന്ന പാവാടയ്ക്കു താഴെ വെളുത്ത കണംകാലിലെ കൊലുസിന്റെ കിലുക്കവും തുടുത്ത കവിളിലെയും നീണ്ട മൂക്കിനു താഴെ നേർത്ത രോമരാജികളിലെയും വിയർപ്പു മണികളുടെ വെയിൽ തിളക്കവും ഞാൻ ഉള്ളിൽ നിറച്ചു. ‘പ്രണയമധുരത്തേൻ തുളുമ്പുന്ന സൂര്യകാന്തിപ്പൂക്കളാ’യ കണ്ണുകൾ ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ ഞാൻ നേരിട്ടു കണ്ടു. (കാവ്യ മാധവൻ കണ്ടിരുന്നെങ്കിൽ കാവിയുടുത്ത് കാശിക്കു പോകുമായിരുന്നു!)

ഇടയ്ക്കിടെ പകൽ സ്വപ്നങ്ങളിൽ സുജാത വിരുന്നു വന്നു. കൗമാര കാമനകളെ തീ പിടിപ്പിച്ചു. മലയാളം ക്ളാസ്സിൽ സാറ്‌ സ്വർഗലോകത്തിലെ മേനകയുടെ കഥ വർണിക്കുമ്പോൾ ഞാൻ സുജാതയെയാണ്‌ മനസിൽ കണ്ടത്. ‘ശകുന്തളയുടെ അമ്മയാരാണെ’ന്ന സാറിന്റെ ചോദ്യത്തിന്‌ ‘സുജാത’യെന്ന എന്റെ ഉത്തരം  ക്ളാസ്സിലാകെ ചിരി പടർത്തി, അതിനിടെ സാറിന്റെ നഖങ്ങൾ എന്റെ തുടയിൽ തീ പടർത്തി.

സൈക്കിൾ സവാരി പഠിക്കുന്ന അവധിക്കാലത്ത് അമ്മാവന്റെ വീട്ടിലേക്കുള്ള ഒരു സൈക്കിൾ ‘യജ്ഞ’ത്തിനിടയിലാണ്‌ സുജാതയെ ഞാൻ ആദ്യമായി കാണുന്നത്.   കായലിലേക്കുള്ള കനാലിലെ കുളിക്കടവിൽ കുളി കഴിഞ്ഞ് ഈറനോടെ നില്ക്കുകയായിരുന്നു അവൾ. യൗവനത്തിന്റെ കൊടിയേറ്റു പണ്ടേ കഴിഞ്ഞ  മേനിയിൽ പോക്കുവെയിൽ അഴകിന്റെ ഒൻപതാമുത്സവം തീർത്തു. കാഴ്ചയുടെ ഏഴാം  സ്വർഗത്തിലായിരുന്ന ഞാൻ ഭൂമിയിൽ പതിച്ച   കാര്യം അറിഞ്ഞത് അവളുടെ ചിരി കേട്ടാണ്‌. എവിടെയൊക്കെയോ മുറിവുകൾ നീറിപ്പുകഞ്ഞിട്ടും അവളുടെ വിടർന്ന മിഴികളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. അന്നു രാത്രി ഉറക്കത്തിലും അവയെന്നെ പിന്തുടർന്നു, മുറിവിലെ നീറ്റൽ പോലെ.

സുജാതയെ ‘കണ്ടുകൊണ്ടുള്ള’ യാത്രയിൽ ഒരു കാര്യം എനിക്കു മനസ്സിലായി. അവൾക്കൊപ്പം ‘കോൺവോയ്’ സർവീസ് നടത്തുന്ന വലിയൊരാരാധക വൃന്ദമുണ്ട്. ചിലർ സുജാതയോട് കിന്നരിക്കാൻ ധൈര്യം കാണിച്ചു. ചിലർ വഴിയിൽ പോസ്റ്റുകൾ പോലെ വിവിധ പോസുകളിൽ അവളുടെ വരവും കാത്തു നിന്നു. ആരെയും നിരാശക്കാതെ എല്ലാവർക്കും അവൾ ‘കൊല്ലുന്ന’ കടാക്ഷങ്ങളും പുഞ്ചിരിയും വാരിക്കോരി നല്കി. അവർക്ക് - എനിക്കും - അതു മതിയായിരുന്നു എരിയുന്ന  ഭാവനയിൽ  എണ്ണ പകരാൻ.

സുജാതയ്ക്ക് സ്കൂളിനു പുറത്തു മാത്രമല്ല അകത്തുമുണ്ടായിരുന്നു ആരാധകർ - ബയോളജി പഠിപ്പിക്കുന്ന അനന്തൻ മാഷിനെപ്പോലെ. അല്ലെങ്കിൽ ഇന്റർവെൽ സമയത്ത് വരാന്തയിൽ സുജാതയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്ന എന്നെ മാഷ് ക്ലാസ്സിലേക്കോടിച്ചതെന്തിനാണ്‌? സുജാതയുടെ അനാട്ടമിയിൽ അനന്തൻ മാഷിനുള്ള  താത്പര്യം തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടതാണ്‌!

കൊല്ലപ്പരീക്ഷയുടെ ഇടയ്ക്കായിട്ടും മുല്ലശ്ശേരിക്കാവിലെ ഉത്സവത്തിന്‌ ഞാൻ പോയി. താഴ്ന്ന ക്ളാസ്സിൽ കൂടെപ്പഠിച്ച രഘുവും ചേട്ടനും കൂടി ഉത്സവപ്പറമ്പിൽ കട നടത്തുന്നുണ്ടായിരുന്നു. മുന്നിൽ കുപ്പിവള, മാല, ചാന്ത് തുടങ്ങിയിവയുടെ വ്യാപാരം; പിറകിൽ കുപ്പി, ഗ്ളാസ്, വാള്‌ തുടങ്ങിയവയുടെ വ്യവഹാരം!

എന്റെ പ്രതീക്ഷ തെറ്റിയില്ല. ദീപാരധന തൊഴുതു മടങ്ങുന്ന ദേവിയെ ദൂരെ നിന്നു തന്നെ കണ്ടു. പക്ഷേ സർപ്പ സൗന്ദര്യം മുൻപിൽ കയ്യെത്തും ദൂരത്തു വന്ന് വിടർന്നു  നില്ക്കുമെന്ന് കരുതിയില്ല. ‘വള വേണം’ എന്നു പറഞ്ഞ് സുജാത   കൈ നീട്ടി. റീചാർജിന്റെ  കൂടെ കിട്ടിയ ഫ്രീ ടോപ്‌-അപ് ആയിരുന്നു അത്! വീണു കിട്ടിയ അവസരം കളഞ്ഞു കുളിച്ചാൽ  പിന്നെ ഷേവ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടാകും! 

നീല ഞരമ്പുകൾ സർപ്പങ്ങളെപ്പോലെ പിണഞ്ഞു കിടക്കുന്ന, കടഞ്ഞെടുത്ത കണംകൈയിൽ തൊടുമ്പോൾ എന്റെ ഹൃദയം യുദ്ധകാലാടിസ്ഥാനത്തിൽ മിടിക്കാൻ തുടങ്ങി. വളകളിടുമ്പോൾ  ‘നോവുന്നു’ എന്നു പറഞ്ഞിട്ടും അവൾ കൈ പിൻവലിച്ചില്ല!സുജാത പോയിട്ടും അവൾ പകർന്ന അനുഭൂതി ഉള്ളിൽ  പടർന്നു കിടന്നു.

വേനലവധിക്ക് അമ്മാവന്റെ വീട്ടിലേക്ക് വച്ചു പിടിച്ചത് സുജാതയെ കാണാനുള്ള മോഹം കാരണമാണ്‌. സുജാതയ്ക്ക് പകരം ഒരു ചെറിയ ആൾക്കൂട്ടമാണ്‌ അവളുടെ വീട്ടിനു മുന്നിൽ കണ്ടത്. ഒരു വഴിപോക്കനോട് കാര്യം തിരക്കി.

“ആ പെണ്ണിന്റെ കല്യാണമല്ലായിരുന്നോ കഴിഞ്ഞയാഴ്ച...”

“?!”, ഞാനൊന്നു ഞെട്ടി.

“അവന്‌ വേറേ ഭാര്യേം പിള്ളേരുമുണ്ടായിരുന്നു. അവരിപ്പോൾ തെരക്കിപ്പിടിച്ചു വന്നതിന്റെ ബഹളമാ...”

അപ്പോൾ ഇനിയും  പ്രതീക്ഷയ്ക്കു വകയുണ്ട്!

ഞാൻ വീടിനടുത്തേക്ക് ചെന്നു. ‘കോൺവോയ് സർവീസുകാർ’ പലരും അവിടെ നിരാശരായി നില്ക്കുന്നു.  ‘പൊതു മുതൽ’ നശിപ്പിച്ചവനോടുള്ള അവരുടെ ദേഷ്യത്തിൽ പങ്കു ചേർന്ന്  ഞാനും കുറച്ചു നേരം അവിടെ നിന്നു. പിന്നെ തിരിഞ്ഞു നടന്നു. അല്ലാതെന്തു ചെയ്യാൻ!


******************

നാട്ടിൽ പോയപ്പോൾ പഴയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചു. സുജാതയുടെ വീടവിടെയില്ല (കുളിക്കടവ് പോലുമില്ല!). അവിടെ  പുതിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു.

“എന്താ സാറെ, വല്ലതും വേണോ?”, വാഹനം നിറുത്തിയത് കണ്ടിട്ടാവണം, അടുത്തുള്ള കടയിലെ പെൺകുട്ടി ചോദിച്ചു. 

“ഒരു കുപ്പി വെള്ളം...‘, ഞാൻ കടയിലേക്ക് കയറി. പണം കൊടുക്കുന്നതിനിടയിൽ മടിച്ചു മടിച്ച് ചോദിച്ചു: ”പണ്ടിവിടൊരു സുജാത താമസിച്ചിരുന്നു. അവരിപ്പോൾ...?“.

”സാർ സുജാതയെ തെരക്കിയാണോ ഈ പേടകവും കത്തിച്ചെറങ്ങിയത്?“, പിറകിൽ നിന്നാണ്‌ ഡയലോഗ്. അവിടെ കൂടി നിന്ന ചെറുപ്പക്കാരിലൊരാളാണ്‌. 

ഞാനൊന്നു പരുങ്ങി. അപ്പോഴേക്കും വന്നു വേറൊരാൾ വക: ”അവളുടെ മാളം കുറച്ചു തെക്കോട്ടു മാറിയാ സാറേ. പക്ഷേ രാത്രിയിലേ അവൾ ഇര പിടിക്കാൻ ഇറങ്ങൂ. സാറിപ്പൊ പോയിട്ട് സന്ധ്യ കഴിഞ്ഞു വാ...“

കൂട്ടച്ചിരി കേട്ട് ഞാൻ ശരിക്കും ചൂളി. കടയിൽ സാധനം വങ്ങാൻ വന്ന ഒരു മധ്യ വയസ്കനാണ്‌ രക്ഷിച്ചത്. 

”സാറ്‌ വാ..“, അയാളെന്നെ വാഹനത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

”അല്ല ഞാൻ... സുജാത എന്റെ കൂടെ  സ്കൂളിൽ ...“

”അതൊക്കെ പണ്ടല്ലേ സാറേ. സാറ്‌ വണ്ടിയിൽ കേറ്‌“, അയാൾ വണ്ടിയുടെ വാതിൽ തുറന്നു കൊണ്ടു തുടർന്നു:

”സാറേ ഈ പൊന്നില്ലേ,  അതു പണ്ടമാക്കി വച്ചാൽ കാലാകാലം  നല്ല ചേലായിരിക്കും. പക്ഷേ, കൈമാറിപ്പോയ പിന്നെ ഉരുക്കിയുരുക്കി മാറ്റിപ്പണിഞ്ഞു കൊണ്ടിരിക്കും - ഒടുക്കം വെറും ചെമ്പാകുന്നതു വരെ... "
സുജാതയ്ക്ക് കാലം കരുതി വച്ചിരുന്നത് മുഴുവൻ ആ വാക്കുകളിലുണ്ടായിരുന്നു.