എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു കോട്ടയംവാസി. റബര്‍ പാലിന്റെ പച്ചയില്‍ പാമ്പാകുന്നവരുള്ള നാട്ടില്‍, ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

ബുധനാഴ്‌ച, മേയ് 06, 2009

യത്തീം

ആദ്യം വരുന്നത്‌ പഴകിയ മീനിന്റെ മണമാണ്‌. പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം.

ഉമ്മര്‍ എന്റെ സഹപാഠിയോ സ്നേഹിതനോ ആയിരുന്നില്ല. പക്ഷെ പല രാത്രികളിലും ഞങ്ങള്‍ അടുത്തടുത്ത പായകളിലാണ്‌ ഉറങ്ങിയിരുന്നത്‌.

നാട്ടിലെ ചന്തയിലായിരുന്നു ഉമ്മറിന്റെ പകലുകള്‍. രാവിലെ മീനുകള്‍ക്കു മുന്‍പേ ഉമ്മര്‍ ചന്തയിലെത്തും. ആദ്യപടി എരക്കലാണ്‌. ഒരു കമുകിന്‍പാളയുമായി മീന്‍കാരുടെ മുന്നില്‍ ചെന്ന് ഉമ്മര്‍ കെഞ്ചും:
"കാക്കാ ഒരു മീന്‍ താ.. മൊതലാളീ ഒരു മീന്‍ താ..".

ചിലരൊക്കെ കൊടുക്കും - ഒന്നോ രണ്ടോ മത്തി.. കുറച്ചു ചെമ്മീന്‍. അങ്ങനെ പലതരം മീനുകള്‍..

ചന്ത ഉഷാറായി വരുമ്പോള്‍ ഉമ്മര്‍ തന്റെ `അസോര്‍ട്ടഡ്‌ കലക്ഷന്റെ' വ്യാപാരം തുടങ്ങും. ചിലരൊക്കെ കരുണ തോന്നിയും മറ്റു ചിലര്‍ ലാഭം നോക്കിയും ഉമ്മറിന്റെ മീന്‍ വാങ്ങും. യാചന മൂലധനമാക്കിയുള്ള ഈ കച്ചവടമായിരുന്നു ഉമ്മറിന്റെ വിശപ്പ്‌ മാറ്റിയിരുന്നത്‌.

രാത്രികളില്‍ ഏതെങ്കിലും വീടിന്റെ കോലായിലോ ഉമ്മറത്തോ ഉമ്മര്‍ ഉറങ്ങാന്‍ ഇടം കണ്ടെത്തി; അക്കൂട്ടത്തില്‍ പലപ്പോഴും എന്റെ വീട്ടിലും.

ഉമ്മറിനെ കാണുമ്പോള്‍ ഞാന്‍ ഉമ്മയുടെ മുഖത്തു നോക്കും. അതിന്റെ അര്‍ത്ഥം ഉമ്മയ്ക്കറിയാം - മീനിന്റെ നാറ്റം തന്നെ.

"നീ പോയി കുളിച്ചിട്ട്‌ വാ...", ഉമ്മ അവനോട്‌ പറയും.

കുളിക്കാനാണോ ഉമ്മറിനു പ്രയാസം! കിഴക്കേപ്പുറത്തെ കുളത്തിലേക്ക്‌ പിറന്ന വേഷത്തില്‍ ഒരു ചാട്ടം. അതോടെ തെളിഞ്ഞുകിടക്കുന്ന കുളം `കൊളമാകും'! മീന്‍ നാറ്റം പോയാലുമില്ലെങ്കിലും കുളത്തിലെ ചേറും ഉമ്മറിന്റെ കൂടെ കരയ്ക്കു കയറും!

എന്തു കൊടുത്താലും ഉമ്മര്‍ ആര്‍ത്തിയോടെ കഴിക്കും. ഉച്ചയ്ക്കെപ്പോഴോ കഴിച്ച ഇത്തിരി വറ്റിനു ശേഷം വയറ്റിലേക്ക്‌ പോകുന്ന ആദ്യത്തെ ആഹാരമായിരിക്കും അത്‌. വിശപ്പിന്റെ ദൈന്യവും അതു മാറുമ്പോഴുള്ള തെളിച്ചവും ഞാന്‍ ആദ്യമായി കണ്ടിട്ടുള്ളത്‌ ഉമ്മറിന്റെ മുഖത്താണ്‌.

"മതിയോ?" ഉമ്മ ഇടയ്ക്ക്‌ ചോദിക്കും. എങ്ങനെ വേണമെങ്കിലും കരുതാവുന്ന ഒരു തലയാട്ടലാണ്‌ അതിനുത്തരം. വിളമ്പിക്കൊടുത്താല്‍ വീണ്ടും കഴിക്കും. ഉമ്മയ്ക്ക്‌ ഉമ്മറിനോട്‌ കുറച്ചൊരു വാത്സല്യമുണ്ടായിരുന്നു. അതിനെപ്പറ്റി ചോദിച്ചാല്‍ ഉമ്മ പറയും:

"എത്തീം കുഞ്ഞല്ലേ.. എന്റെളയവന്റെ പ്രായവും.."

ഉമ്മ കൊടുക്കുന്ന തഴപ്പായയില്‍ മുറിയുടെ ഒരരികുപറ്റിക്കിടന്നു കൊണ്ട്‌ ഉമ്മര്‍ പാടും.

"നേരം വെളുക്കട്ടെ.. ഫജറ്‌ പൊട്ടട്ടെ
മുല്ല വിരിയട്ടെ.. മണം വീശട്ടെ..
...................................."

പാട്ടിനൊടുവില്‍ 'എന്റുമ്മ പടിപ്പിച്ച പാട്ടാ' എന്നു പറഞ്ഞ്‌ ഉമ്മര്‍ നിശബ്ദനാകും. അപ്പോള്‍ അവന്റെ കവിളിലെ നനവില്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം പടരും.

ഉമ്മ പറഞ്ഞാണ്‌ കേട്ടത്‌. ഏതോ വലിയ വീട്ടിലെ ജോലിക്കാരിയ്ക്ക്‌ അടുക്കളപ്പുറത്തെ പ്രണയം നല്‍കിയതാണ്‌ ഉമ്മറിനെ. കാലമേറെയാകും മുന്‍പ്‌ അവനെ `യത്തീ'മാക്കി തള്ളയും പോയി...

അതിരാവിലെ ഉമ്മര്‍ എഴുന്നേറ്റു പോകും. പിന്നെ ഉമ്മയ്ക്കാണ്‌ പണി. ഉമ്മര്‍ മണ്‍തറയില്‍ `ജലച്ചായം' പ്രയോഗിച്ചിട്ടുണ്ടാവും! `ഉമ്മറേ കെടന്നു പെടുക്കല്ലേടാ..' എന്നു രാത്രിയില്‍ ഉമ്മ പറയും. പക്ഷെ എന്തു ഫലം. ഉമ്മറുറങ്ങിയാലും ജലസേചന യന്ത്രം ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കും!

കര്‍ക്കിടകമാസം വറുതിയുടെ കാലമായിരുന്നു, നാട്ടിന്‍പുറങ്ങളില്‍. പഞ്ഞക്കര്‍ക്കിടകമെന്നാണ്‌ പറയാറ്‌. കരയിലും കടലിലും പണിയില്ല. വീടുകളില്‍ തീ പുകയുന്നത്‌ അപൂര്‍വം!

ഉണക്കമീന്‍ കിട്ടുമോ എന്നറിയാന്‍ ചന്തയിലേക്ക്‌ വന്നതാണ്‌ ഞാനും വാപ്പയും. ദൂരെ നിന്നേ ചന്തയിലെ ആള്‍ക്കൂട്ടം കണ്ടു...

ഞാന്‍ ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ടു കയറി നോക്കി. ഉമ്മര്‍ നിലത്ത്‌ തല കുമ്പിട്ടിരിക്കുന്നു.

" ഇത്‌ കുറച്ച്‌ കടന്നു പോയി കുഞ്ഞുക്കുട്ടാ..", ആരോ പറഞ്ഞു.
"നിങ്ങക്കങ്ങനെ പറയാം. ഞാനേ കഷ്ടപ്പെട്ട്‌ നയിച്ചുണ്ടാക്കുന്നതാ..." - കുഞ്ഞിക്കുട്ടന്‍.

"എന്താ...", വാപ്പ ആരോടോ ചോദിച്ചു.

"ഈ പൈതലാന്‍ കുട്ടനോട്‌ കഴിക്കാന്‍ രണ്ടു പഴം ചോദിച്ചു. ഇയാള്‌ കൊടുക്കുവോ! അപ്പോ ഇവന്‍ പഴക്കൊലയില്‍ കൈ വെച്ചെന്നാ ഇയാള്‌ പറയുന്നേ..."

ഞാന്‍ ഉമ്മറിന്റെ അടുത്തു ചെന്നു തോളില്‍ കൈ വച്ചു. അവന്‍ മുഖമുയര്‍ത്തി ദയനീയമായി എന്നെ നോക്കി. കുഞ്ഞിക്കുട്ടന്റെ ദേഷ്യം അവന്റെ കവിളിലും ദേഹത്തും വിരല്‍പ്പാടുകളായി തിണര്‍ത്തു കിടക്കുന്നു!

"വിശന്നിട്ടാ.. ഇന്ന് ഒന്നും കഴിച്ചില്ല..." അവന്‍ ദീനമായി ഞരങ്ങി..

ചാറിക്കൊണ്ടിരുന്ന മഴ കടുത്തു. എല്ലാവരും കടയുടെ വരാന്തയിലേക്ക്‌ കയറി. ഉമ്മര്‍ മാത്രം മഴയില്‍ നനഞ്ഞ്‌ കുനിഞ്ഞിരുന്നു.

കടയുടെ മേല്‍ക്കൂരയില്‍ നിന്ന് മഴ വെള്ളം പാത്തിയിലൂടെ ഒഴുകി താഴേക്ക്‌ വീഴുന്നു.

പെട്ടെന്ന് ഉമ്മര്‍ എഴുന്നേറ്റു. അവന്റെ ദേഹത്തില്‍ വെള്ളം ചാലിട്ടൊഴുകുന്നു. പാത്തിയിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക്‌ അവന്‍ കൈ നീട്ടി. കൈക്കുമ്പിളില്‍ വെള്ളം നിറഞ്ഞു. യത്തീമിന്‌ പ്രകൃതിയുടെ കാരുണ്യം! മുഖം കുമ്പിട്ട്‌ ഉമ്മര്‍ മഴവെള്ളം വലിച്ചു കുടിച്ചു - വയര്‍ നിറയുന്നത്‌ വരെ...

പിന്നെ ഉമ്മര്‍ തിരിഞ്ഞു നടന്നു. മഴനാരുകളുടെ തിരശ്ശീലയ്ക്കപ്പുറത്തേക്ക്‌ അവന്‍ മറഞ്ഞു പോയി.

9 അഭിപ്രായങ്ങൾ:

അബ്ദുണ്ണി പറഞ്ഞു...

കിഴക്കേപ്പുറത്തെ കുളത്തിലേക്ക്‌ പിറന്ന വേഷത്തില്‍ ഒരു ചാട്ടം. അതോടെ തെളിഞ്ഞുകിടക്കുന്ന കുളം `കൊളമാകും'! മീന്‍ നാറ്റം പോയാലുമില്ലെങ്കിലും കുളത്തിലെ ചേറും ഉമ്മറിന്റെ കൂടെ കരയ്ക്കു കയറും......

പുതിയ പോസ്റ്റ്‌ "യത്തീം"

ഗ്രാമീണം Grameenam(photoblog) പറഞ്ഞു...

കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ബാക്കിയായത് ഒരു നോവാണല്ലോ!
ഉമ്മറിനോടൊപ്പം എന്റെ ഓര്‍മകളും മഴനാരുകളുടെ തിരശ്ശീലയ്ക്കപ്പുറത്തെ ബാല്യത്തിലേക്ക് അറിയാതെ യത്രയായി... നന്ദി ..അഭിനന്ദനങ്ങളും..

അങ്കിള്‍ പറഞ്ഞു...

അതെന്തിനാ ഉമ്മര്‍ കണ്ടവന്റെ മുതല്‍ ബലാല്‍ക്കാരത്തില്‍ എടുക്കാന്‍ പോയത്. കിടക്കാന്‍ ഒരിടവും വിശപ്പടക്കാന്‍ ആഹാരവും കൊടുക്കുന്ന ഒരുമ്മ ഉള്ളത് അവന്‍ മറന്നു പോയോ. അത്രക്ക് വിശപ്പായിരുന്നെങ്കില്‍ ആ ഉമ്മയോട് അവനിരക്കാമായിരുന്നു.

കണ്ടവന്റെ മുതലെടുത്താല്‍ എല്ലാരും ഒരു പോലെയാവണമെന്നില്ല. സംഗതി വിശപ്പിന്റെ വിളിയാണ്. സമ്മതിച്ചു. നട്ടാര്‍ പലവിധമാണ്.

കരീം മാഷ്‌ പറഞ്ഞു...

വിശപ്പിന്റെ ദൈന്യവും അതു മാറുമ്പോഴുള്ള തെളിച്ചവും ഞാന്‍ ആദ്യമായി കണ്ടിട്ടുള്ളത്‌ ഉമ്മറിന്റെ മുഖത്താണ്‌.
ശരിയാ...
ഇന്നു വിശന്നിട്ടു ഭക്ഷണം കഴിക്കാത്തതിനാല്‍ ആര്‍ക്കും ഉണ്ടാല്‍ മുഖത്തു തെളിച്ചമില്ല.

shaj പറഞ്ഞു...

Nice blog. thanks.

Evergreen songs പറഞ്ഞു...

kollaaam nice one.

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

റ്റോംസ് | thattakam.com പറഞ്ഞു...

കൊള്ളാം.

അജ്ഞാതന്‍ പറഞ്ഞു...

സാര്‍ കൊള്ളാം