എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു കോട്ടയംവാസി. റബര്‍ പാലിന്റെ പച്ചയില്‍ പാമ്പാകുന്നവരുള്ള നാട്ടില്‍, ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 18, 2017

നാടകാന്തം കുഴപ്പം!


നാരായണ പിള്ളയുടേതായിരുന്നു ആശയം. നാടകം കണ്ടെത്തിയത് ഞാനും: സുകുമാറിന്റെ 'കഷായം '.

മൂന്നു കഥാപാത്രങ്ങൾ: എഴുത്തുകാരനായി  നാരായണപിള്ളയെ തീരുമാനിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരനായി ശ്രീനാഥ്.  വേശ്യയുടെ വേഷം ആരു ചെയ്യുമെന്നതായിരുന്നു പ്രശ്നം. പെണ്ണുങ്ങളുടെ സ്വരം (ഇപ്പോഴും) ഉള്ള അജിത് പല ദിവസങ്ങളിലെ മാറി മാറിയുള്ള പീഡനത്തിനൊടുവിൽ   വേശ്യയായാകമെന്നേറ്റു.

അജിത്തിനെ വേശ്യയാക്കാനുള്ള ജംഗമ വസ്തുക്കൾ സംഘടിപ്പിച്ചത് ശ്രീനാഥാണ്.  രണ്ടു ചിരട്ടകളുടെ രൂപത്തിൽ മുൻ സ്ത്രീത്വവും ഏതാനും നിക്കറുകളുടെ രൂപത്തിൽ പിൻ സത്രീത്വവും അവതരിച്ചു.

സംഗീതാധ്യാപകനായ ഗാനഭൂഷണം ഗോവിന്ദൻ സാറായിരുന്നു നാടക മത്സരത്തിന്റെ ചുമതലക്കാരൻ. സ്റ്റേജിലേക്ക് കയറിയ എന്നോട് അദ്ദേഹം:
"നീ ആരാ ?"
"സംവിധായകൻ "
അദ്ദേഹത്തിന്റെ മുഖത്ത് ഹാസ്യം:
"നീ അങ്ങോട്ട് മാറി നിൽക്ക്.. സംവിധാനമൊക്കെ ഞാൻ ചെയ്തോളാം"

എഴുത്തുകാരൻ മേശയ്ക്കരികിൽ  ആലോചനയിൽ മുഴുകിയിരിക്കുന്നു. വേശത്തരുണി പ്രവേശിക്കുന്നു; "സാർ"

എഴുത്തുകാരൻ ഞെട്ടിയെഴുന്നേൽക്കുന്നു: "ആരാണ് നീ? "

അടുത്ത ഡയലോഗിനു മുൻപ് എല്ലാം അവതാളത്തിലായി.
സ്റ്റേജിലെ വയറിൽ കാലു കുരുങ്ങി വേശത്തരുണി മേശപ്പുറത്തേക്ക് വീണു.

ദാ കിടക്കുന്നു വലതു വശത്തെ സ്ത്രീത്വം താഴെ!

അതോടെ സദസ്സിൽനിന്ന് ഉഗ്രൻ കൂവൽ. അതിനിടയിൽ 'ശൂർപ്പണഖ 'യുടെ പുറത്തേക്ക് വീണ മൈക്കിന്റെ വക 'കൂവൽ' വേറേ.

അതിനിടെ നിൽക്കക്കള്ളിയില്ലാതെ രണ്ടാമത്തെ സ്ത്രീത്വവും സ്റ്റാൻഡ് വിട്ടു.

''ഇടെടാ കർട്ടൻ", ഗാനഭൂഷണം ഗർജിച്ചു.

പിന്നെ നടന്നത് ഗോവിന്ദൻ സാറിന്റെ  കർണ്ണഭാരം  (മണിപ്രവാളം)  ചവിട്ടു നാടകമായിരുന്നു. അതൊന്നും കാണാൻ ശേഷിയില്ലാതെ രണ്ടു സ്ത്രീത്വങ്ങളും എഴുത്തുകാരന്റെ താടിയും വേദിയിൽ വീണു കിടന്നു.

ശനിയാഴ്‌ച, മേയ് 28, 2016

സുജാത


രാവിലെ എട്ടു മണിക്ക് കവലയിൽ ഇറങ്ങി നിന്നാൽ സുജാത വളവിനപ്പുറത്തു നിന്ന്  വെട്ടപ്പെടും.  അപ്സരസുകളെ സൃഷ്ടിച്ച അച്ചിൽ ബ്രഹ്മാവ് മെനഞ്ഞ അഴകിന്റെ സ്വരൂപം!

എട്ടാം തരത്തിൽ പഠിക്കുമ്പോൾ പള്ളിക്കൂടത്തിലേക്കുള്ള മൂന്നു കിലോമീറ്റർ നടത്തത്തിന്‌ ഹരം പകർന്നന്നത് പത്താം തരത്തിലെ സുജാതയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കണ്ണുകൾ വഴിവക്കിലെ മാവിലും വഴിയേ പോകുന്ന നായിലുമായിരുന്നപ്പോൾ ഞാൻ സുജാതയെ മാത്രം കണ്ടു.  

മുട്ടു വരെയെത്തുന്ന പാവാടയ്ക്കു താഴെ വെളുത്ത കണംകാലിലെ കൊലുസിന്റെ കിലുക്കവും തുടുത്ത കവിളിലെയും നീണ്ട മൂക്കിനു താഴെ നേർത്ത രോമരാജികളിലെയും വിയർപ്പു മണികളുടെ വെയിൽ തിളക്കവും ഞാൻ ഉള്ളിൽ നിറച്ചു. ‘പ്രണയമധുരത്തേൻ തുളുമ്പുന്ന സൂര്യകാന്തിപ്പൂക്കളാ’യ കണ്ണുകൾ ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ ഞാൻ നേരിട്ടു കണ്ടു. (കാവ്യ മാധവൻ കണ്ടിരുന്നെങ്കിൽ കാവിയുടുത്ത് കാശിക്കു പോകുമായിരുന്നു!)

ഇടയ്ക്കിടെ പകൽ സ്വപ്നങ്ങളിൽ സുജാത വിരുന്നു വന്നു. കൗമാര കാമനകളെ തീ പിടിപ്പിച്ചു. മലയാളം ക്ളാസ്സിൽ സാറ്‌ സ്വർഗലോകത്തിലെ മേനകയുടെ കഥ വർണിക്കുമ്പോൾ ഞാൻ സുജാതയെയാണ്‌ മനസിൽ കണ്ടത്. ‘ശകുന്തളയുടെ അമ്മയാരാണെ’ന്ന സാറിന്റെ ചോദ്യത്തിന്‌ ‘സുജാത’യെന്ന എന്റെ ഉത്തരം  ക്ളാസ്സിലാകെ ചിരി പടർത്തി, അതിനിടെ സാറിന്റെ നഖങ്ങൾ എന്റെ തുടയിൽ തീ പടർത്തി.

സൈക്കിൾ സവാരി പഠിക്കുന്ന അവധിക്കാലത്ത് അമ്മാവന്റെ വീട്ടിലേക്കുള്ള ഒരു സൈക്കിൾ ‘യജ്ഞ’ത്തിനിടയിലാണ്‌ സുജാതയെ ഞാൻ ആദ്യമായി കാണുന്നത്.   കായലിലേക്കുള്ള കനാലിലെ കുളിക്കടവിൽ കുളി കഴിഞ്ഞ് ഈറനോടെ നില്ക്കുകയായിരുന്നു അവൾ. യൗവനത്തിന്റെ കൊടിയേറ്റു പണ്ടേ കഴിഞ്ഞ  മേനിയിൽ പോക്കുവെയിൽ അഴകിന്റെ ഒൻപതാമുത്സവം തീർത്തു. കാഴ്ചയുടെ ഏഴാം  സ്വർഗത്തിലായിരുന്ന ഞാൻ ഭൂമിയിൽ പതിച്ച   കാര്യം അറിഞ്ഞത് അവളുടെ ചിരി കേട്ടാണ്‌. എവിടെയൊക്കെയോ മുറിവുകൾ നീറിപ്പുകഞ്ഞിട്ടും അവളുടെ വിടർന്ന മിഴികളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. അന്നു രാത്രി ഉറക്കത്തിലും അവയെന്നെ പിന്തുടർന്നു, മുറിവിലെ നീറ്റൽ പോലെ.

സുജാതയെ ‘കണ്ടുകൊണ്ടുള്ള’ യാത്രയിൽ ഒരു കാര്യം എനിക്കു മനസ്സിലായി. അവൾക്കൊപ്പം ‘കോൺവോയ്’ സർവീസ് നടത്തുന്ന വലിയൊരാരാധക വൃന്ദമുണ്ട്. ചിലർ സുജാതയോട് കിന്നരിക്കാൻ ധൈര്യം കാണിച്ചു. ചിലർ വഴിയിൽ പോസ്റ്റുകൾ പോലെ വിവിധ പോസുകളിൽ അവളുടെ വരവും കാത്തു നിന്നു. ആരെയും നിരാശക്കാതെ എല്ലാവർക്കും അവൾ ‘കൊല്ലുന്ന’ കടാക്ഷങ്ങളും പുഞ്ചിരിയും വാരിക്കോരി നല്കി. അവർക്ക് - എനിക്കും - അതു മതിയായിരുന്നു എരിയുന്ന  ഭാവനയിൽ  എണ്ണ പകരാൻ.

സുജാതയ്ക്ക് സ്കൂളിനു പുറത്തു മാത്രമല്ല അകത്തുമുണ്ടായിരുന്നു ആരാധകർ - ബയോളജി പഠിപ്പിക്കുന്ന അനന്തൻ മാഷിനെപ്പോലെ. അല്ലെങ്കിൽ ഇന്റർവെൽ സമയത്ത് വരാന്തയിൽ സുജാതയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്ന എന്നെ മാഷ് ക്ലാസ്സിലേക്കോടിച്ചതെന്തിനാണ്‌? സുജാതയുടെ അനാട്ടമിയിൽ അനന്തൻ മാഷിനുള്ള  താത്പര്യം തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടതാണ്‌!

കൊല്ലപ്പരീക്ഷയുടെ ഇടയ്ക്കായിട്ടും മുല്ലശ്ശേരിക്കാവിലെ ഉത്സവത്തിന്‌ ഞാൻ പോയി. താഴ്ന്ന ക്ളാസ്സിൽ കൂടെപ്പഠിച്ച രഘുവും ചേട്ടനും കൂടി ഉത്സവപ്പറമ്പിൽ കട നടത്തുന്നുണ്ടായിരുന്നു. മുന്നിൽ കുപ്പിവള, മാല, ചാന്ത് തുടങ്ങിയിവയുടെ വ്യാപാരം; പിറകിൽ കുപ്പി, ഗ്ളാസ്, വാള്‌ തുടങ്ങിയവയുടെ വ്യവഹാരം!

എന്റെ പ്രതീക്ഷ തെറ്റിയില്ല. ദീപാരധന തൊഴുതു മടങ്ങുന്ന ദേവിയെ ദൂരെ നിന്നു തന്നെ കണ്ടു. പക്ഷേ സർപ്പ സൗന്ദര്യം മുൻപിൽ കയ്യെത്തും ദൂരത്തു വന്ന് വിടർന്നു  നില്ക്കുമെന്ന് കരുതിയില്ല. ‘വള വേണം’ എന്നു പറഞ്ഞ് സുജാത   കൈ നീട്ടി. റീചാർജിന്റെ  കൂടെ കിട്ടിയ ഫ്രീ ടോപ്‌-അപ് ആയിരുന്നു അത്! വീണു കിട്ടിയ അവസരം കളഞ്ഞു കുളിച്ചാൽ  പിന്നെ ഷേവ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടാകും! 

നീല ഞരമ്പുകൾ സർപ്പങ്ങളെപ്പോലെ പിണഞ്ഞു കിടക്കുന്ന, കടഞ്ഞെടുത്ത കണംകൈയിൽ തൊടുമ്പോൾ എന്റെ ഹൃദയം യുദ്ധകാലാടിസ്ഥാനത്തിൽ മിടിക്കാൻ തുടങ്ങി. വളകളിടുമ്പോൾ  ‘നോവുന്നു’ എന്നു പറഞ്ഞിട്ടും അവൾ കൈ പിൻവലിച്ചില്ല!സുജാത പോയിട്ടും അവൾ പകർന്ന അനുഭൂതി ഉള്ളിൽ  പടർന്നു കിടന്നു.

വേനലവധിക്ക് അമ്മാവന്റെ വീട്ടിലേക്ക് വച്ചു പിടിച്ചത് സുജാതയെ കാണാനുള്ള മോഹം കാരണമാണ്‌. സുജാതയ്ക്ക് പകരം ഒരു ചെറിയ ആൾക്കൂട്ടമാണ്‌ അവളുടെ വീട്ടിനു മുന്നിൽ കണ്ടത്. ഒരു വഴിപോക്കനോട് കാര്യം തിരക്കി.

“ആ പെണ്ണിന്റെ കല്യാണമല്ലായിരുന്നോ കഴിഞ്ഞയാഴ്ച...”

“?!”, ഞാനൊന്നു ഞെട്ടി.

“അവന്‌ വേറേ ഭാര്യേം പിള്ളേരുമുണ്ടായിരുന്നു. അവരിപ്പോൾ തെരക്കിപ്പിടിച്ചു വന്നതിന്റെ ബഹളമാ...”

അപ്പോൾ ഇനിയും  പ്രതീക്ഷയ്ക്കു വകയുണ്ട്!

ഞാൻ വീടിനടുത്തേക്ക് ചെന്നു. ‘കോൺവോയ് സർവീസുകാർ’ പലരും അവിടെ നിരാശരായി നില്ക്കുന്നു.  ‘പൊതു മുതൽ’ നശിപ്പിച്ചവനോടുള്ള അവരുടെ ദേഷ്യത്തിൽ പങ്കു ചേർന്ന്  ഞാനും കുറച്ചു നേരം അവിടെ നിന്നു. പിന്നെ തിരിഞ്ഞു നടന്നു. അല്ലാതെന്തു ചെയ്യാൻ!


******************

നാട്ടിൽ പോയപ്പോൾ പഴയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചു. സുജാതയുടെ വീടവിടെയില്ല (കുളിക്കടവ് പോലുമില്ല!). അവിടെ  പുതിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു.

“എന്താ സാറെ, വല്ലതും വേണോ?”, വാഹനം നിറുത്തിയത് കണ്ടിട്ടാവണം, അടുത്തുള്ള കടയിലെ പെൺകുട്ടി ചോദിച്ചു. 

“ഒരു കുപ്പി വെള്ളം...‘, ഞാൻ കടയിലേക്ക് കയറി. പണം കൊടുക്കുന്നതിനിടയിൽ മടിച്ചു മടിച്ച് ചോദിച്ചു: ”പണ്ടിവിടൊരു സുജാത താമസിച്ചിരുന്നു. അവരിപ്പോൾ...?“.

”സാർ സുജാതയെ തെരക്കിയാണോ ഈ പേടകവും കത്തിച്ചെറങ്ങിയത്?“, പിറകിൽ നിന്നാണ്‌ ഡയലോഗ്. അവിടെ കൂടി നിന്ന ചെറുപ്പക്കാരിലൊരാളാണ്‌. 

ഞാനൊന്നു പരുങ്ങി. അപ്പോഴേക്കും വന്നു വേറൊരാൾ വക: ”അവളുടെ മാളം കുറച്ചു തെക്കോട്ടു മാറിയാ സാറേ. പക്ഷേ രാത്രിയിലേ അവൾ ഇര പിടിക്കാൻ ഇറങ്ങൂ. സാറിപ്പൊ പോയിട്ട് സന്ധ്യ കഴിഞ്ഞു വാ...“

കൂട്ടച്ചിരി കേട്ട് ഞാൻ ശരിക്കും ചൂളി. കടയിൽ സാധനം വങ്ങാൻ വന്ന ഒരു മധ്യ വയസ്കനാണ്‌ രക്ഷിച്ചത്. 

”സാറ്‌ വാ..“, അയാളെന്നെ വാഹനത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

”അല്ല ഞാൻ... സുജാത എന്റെ കൂടെ  സ്കൂളിൽ ...“

”അതൊക്കെ പണ്ടല്ലേ സാറേ. സാറ്‌ വണ്ടിയിൽ കേറ്‌“, അയാൾ വണ്ടിയുടെ വാതിൽ തുറന്നു കൊണ്ടു തുടർന്നു:

”സാറേ ഈ പൊന്നില്ലേ,  അതു പണ്ടമായി ദേഹത്തു കാലാകാലം കിടന്നാൽ നല്ല ചേലായിരിക്കും. പക്ഷേ, കൈമാറിപ്പോയാൽ   പിന്നെ ഉരുക്കിയുരുക്കി മാറ്റിപ്പണിഞ്ഞു കൊണ്ടിരിക്കും - ഒടുക്കം വെറും ചെമ്പാകുന്നതു വരെ... അതു പോലാ പെണ്ണും.“

സുജാതയ്ക്ക് കാലം കരുതി വച്ചിരുന്നത് മുഴുവൻ ആ വാക്കുകളിലുണ്ടായിരുന്നു.

ബുധനാഴ്‌ച, മേയ് 06, 2009

യത്തീം

ആദ്യം വരുന്നത്‌ പഴകിയ മീനിന്റെ മണമാണ്‌. പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം.

ഉമ്മര്‍ എന്റെ സഹപാഠിയോ സ്നേഹിതനോ ആയിരുന്നില്ല. പക്ഷെ പല രാത്രികളിലും ഞങ്ങള്‍ അടുത്തടുത്ത പായകളിലാണ്‌ ഉറങ്ങിയിരുന്നത്‌.

നാട്ടിലെ ചന്തയിലായിരുന്നു ഉമ്മറിന്റെ പകലുകള്‍. രാവിലെ മീനുകള്‍ക്കു മുന്‍പേ ഉമ്മര്‍ ചന്തയിലെത്തും. ആദ്യപടി എരക്കലാണ്‌. ഒരു കമുകിന്‍പാളയുമായി മീന്‍കാരുടെ മുന്നില്‍ ചെന്ന് ഉമ്മര്‍ കെഞ്ചും:
"കാക്കാ ഒരു മീന്‍ താ.. മൊതലാളീ ഒരു മീന്‍ താ..".

ചിലരൊക്കെ കൊടുക്കും - ഒന്നോ രണ്ടോ മത്തി.. കുറച്ചു ചെമ്മീന്‍. അങ്ങനെ പലതരം മീനുകള്‍..

ചന്ത ഉഷാറായി വരുമ്പോള്‍ ഉമ്മര്‍ തന്റെ `അസോര്‍ട്ടഡ്‌ കലക്ഷന്റെ' വ്യാപാരം തുടങ്ങും. ചിലരൊക്കെ കരുണ തോന്നിയും മറ്റു ചിലര്‍ ലാഭം നോക്കിയും ഉമ്മറിന്റെ മീന്‍ വാങ്ങും. യാചന മൂലധനമാക്കിയുള്ള ഈ കച്ചവടമായിരുന്നു ഉമ്മറിന്റെ വിശപ്പ്‌ മാറ്റിയിരുന്നത്‌.

രാത്രികളില്‍ ഏതെങ്കിലും വീടിന്റെ കോലായിലോ ഉമ്മറത്തോ ഉമ്മര്‍ ഉറങ്ങാന്‍ ഇടം കണ്ടെത്തി; അക്കൂട്ടത്തില്‍ പലപ്പോഴും എന്റെ വീട്ടിലും.

ഉമ്മറിനെ കാണുമ്പോള്‍ ഞാന്‍ ഉമ്മയുടെ മുഖത്തു നോക്കും. അതിന്റെ അര്‍ത്ഥം ഉമ്മയ്ക്കറിയാം - മീനിന്റെ നാറ്റം തന്നെ.

"നീ പോയി കുളിച്ചിട്ട്‌ വാ...", ഉമ്മ അവനോട്‌ പറയും.

കുളിക്കാനാണോ ഉമ്മറിനു പ്രയാസം! കിഴക്കേപ്പുറത്തെ കുളത്തിലേക്ക്‌ പിറന്ന വേഷത്തില്‍ ഒരു ചാട്ടം. അതോടെ തെളിഞ്ഞുകിടക്കുന്ന കുളം `കൊളമാകും'! മീന്‍ നാറ്റം പോയാലുമില്ലെങ്കിലും കുളത്തിലെ ചേറും ഉമ്മറിന്റെ കൂടെ കരയ്ക്കു കയറും!

എന്തു കൊടുത്താലും ഉമ്മര്‍ ആര്‍ത്തിയോടെ കഴിക്കും. ഉച്ചയ്ക്കെപ്പോഴോ കഴിച്ച ഇത്തിരി വറ്റിനു ശേഷം വയറ്റിലേക്ക്‌ പോകുന്ന ആദ്യത്തെ ആഹാരമായിരിക്കും അത്‌. വിശപ്പിന്റെ ദൈന്യവും അതു മാറുമ്പോഴുള്ള തെളിച്ചവും ഞാന്‍ ആദ്യമായി കണ്ടിട്ടുള്ളത്‌ ഉമ്മറിന്റെ മുഖത്താണ്‌.

"മതിയോ?" ഉമ്മ ഇടയ്ക്ക്‌ ചോദിക്കും. എങ്ങനെ വേണമെങ്കിലും കരുതാവുന്ന ഒരു തലയാട്ടലാണ്‌ അതിനുത്തരം. വിളമ്പിക്കൊടുത്താല്‍ വീണ്ടും കഴിക്കും. ഉമ്മയ്ക്ക്‌ ഉമ്മറിനോട്‌ കുറച്ചൊരു വാത്സല്യമുണ്ടായിരുന്നു. അതിനെപ്പറ്റി ചോദിച്ചാല്‍ ഉമ്മ പറയും:

"എത്തീം കുഞ്ഞല്ലേ.. എന്റെളയവന്റെ പ്രായവും.."

ഉമ്മ കൊടുക്കുന്ന തഴപ്പായയില്‍ മുറിയുടെ ഒരരികുപറ്റിക്കിടന്നു കൊണ്ട്‌ ഉമ്മര്‍ പാടും.

"നേരം വെളുക്കട്ടെ.. ഫജറ്‌ പൊട്ടട്ടെ
മുല്ല വിരിയട്ടെ.. മണം വീശട്ടെ..
...................................."

പാട്ടിനൊടുവില്‍ 'എന്റുമ്മ പടിപ്പിച്ച പാട്ടാ' എന്നു പറഞ്ഞ്‌ ഉമ്മര്‍ നിശബ്ദനാകും. അപ്പോള്‍ അവന്റെ കവിളിലെ നനവില്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം പടരും.

ഉമ്മ പറഞ്ഞാണ്‌ കേട്ടത്‌. ഏതോ വലിയ വീട്ടിലെ ജോലിക്കാരിയ്ക്ക്‌ അടുക്കളപ്പുറത്തെ പ്രണയം നല്‍കിയതാണ്‌ ഉമ്മറിനെ. കാലമേറെയാകും മുന്‍പ്‌ അവനെ `യത്തീ'മാക്കി തള്ളയും പോയി...

അതിരാവിലെ ഉമ്മര്‍ എഴുന്നേറ്റു പോകും. പിന്നെ ഉമ്മയ്ക്കാണ്‌ പണി. ഉമ്മര്‍ മണ്‍തറയില്‍ `ജലച്ചായം' പ്രയോഗിച്ചിട്ടുണ്ടാവും! `ഉമ്മറേ കെടന്നു പെടുക്കല്ലേടാ..' എന്നു രാത്രിയില്‍ ഉമ്മ പറയും. പക്ഷെ എന്തു ഫലം. ഉമ്മറുറങ്ങിയാലും ജലസേചന യന്ത്രം ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കും!

കര്‍ക്കിടകമാസം വറുതിയുടെ കാലമായിരുന്നു, നാട്ടിന്‍പുറങ്ങളില്‍. പഞ്ഞക്കര്‍ക്കിടകമെന്നാണ്‌ പറയാറ്‌. കരയിലും കടലിലും പണിയില്ല. വീടുകളില്‍ തീ പുകയുന്നത്‌ അപൂര്‍വം!

ഉണക്കമീന്‍ കിട്ടുമോ എന്നറിയാന്‍ ചന്തയിലേക്ക്‌ വന്നതാണ്‌ ഞാനും വാപ്പയും. ദൂരെ നിന്നേ ചന്തയിലെ ആള്‍ക്കൂട്ടം കണ്ടു...

ഞാന്‍ ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ടു കയറി നോക്കി. ഉമ്മര്‍ നിലത്ത്‌ തല കുമ്പിട്ടിരിക്കുന്നു.

" ഇത്‌ കുറച്ച്‌ കടന്നു പോയി കുഞ്ഞുക്കുട്ടാ..", ആരോ പറഞ്ഞു.
"നിങ്ങക്കങ്ങനെ പറയാം. ഞാനേ കഷ്ടപ്പെട്ട്‌ നയിച്ചുണ്ടാക്കുന്നതാ..." - കുഞ്ഞിക്കുട്ടന്‍.

"എന്താ...", വാപ്പ ആരോടോ ചോദിച്ചു.

"ഈ പൈതലാന്‍ കുട്ടനോട്‌ കഴിക്കാന്‍ രണ്ടു പഴം ചോദിച്ചു. ഇയാള്‌ കൊടുക്കുവോ! അപ്പോ ഇവന്‍ പഴക്കൊലയില്‍ കൈ വെച്ചെന്നാ ഇയാള്‌ പറയുന്നേ..."

ഞാന്‍ ഉമ്മറിന്റെ അടുത്തു ചെന്നു തോളില്‍ കൈ വച്ചു. അവന്‍ മുഖമുയര്‍ത്തി ദയനീയമായി എന്നെ നോക്കി. കുഞ്ഞിക്കുട്ടന്റെ ദേഷ്യം അവന്റെ കവിളിലും ദേഹത്തും വിരല്‍പ്പാടുകളായി തിണര്‍ത്തു കിടക്കുന്നു!

"വിശന്നിട്ടാ.. ഇന്ന് ഒന്നും കഴിച്ചില്ല..." അവന്‍ ദീനമായി ഞരങ്ങി..

ചാറിക്കൊണ്ടിരുന്ന മഴ കടുത്തു. എല്ലാവരും കടയുടെ വരാന്തയിലേക്ക്‌ കയറി. ഉമ്മര്‍ മാത്രം മഴയില്‍ നനഞ്ഞ്‌ കുനിഞ്ഞിരുന്നു.

കടയുടെ മേല്‍ക്കൂരയില്‍ നിന്ന് മഴ വെള്ളം പാത്തിയിലൂടെ ഒഴുകി താഴേക്ക്‌ വീഴുന്നു.

പെട്ടെന്ന് ഉമ്മര്‍ എഴുന്നേറ്റു. അവന്റെ ദേഹത്തില്‍ വെള്ളം ചാലിട്ടൊഴുകുന്നു. പാത്തിയിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക്‌ അവന്‍ കൈ നീട്ടി. കൈക്കുമ്പിളില്‍ വെള്ളം നിറഞ്ഞു. യത്തീമിന്‌ പ്രകൃതിയുടെ കാരുണ്യം! മുഖം കുമ്പിട്ട്‌ ഉമ്മര്‍ മഴവെള്ളം വലിച്ചു കുടിച്ചു - വയര്‍ നിറയുന്നത്‌ വരെ...

പിന്നെ ഉമ്മര്‍ തിരിഞ്ഞു നടന്നു. മഴനാരുകളുടെ തിരശ്ശീലയ്ക്കപ്പുറത്തേക്ക്‌ അവന്‍ മറഞ്ഞു പോയി.