എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു അനന്തപുരിവാസി. തലസ്ഥാനമെന്ന തലക്കനം കാട്ടുന്ന നാട്ടിൽ ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

ശനിയാഴ്‌ച, മാർച്ച് 28, 2020

നൂർദീൻ കാക്ക

വീട്ടിനു മുന്നിലെ നാട്ടുവഴി മെയിൻ റോഡിലേക്ക് കയറുന്നതിന് എതിരെയായിരുന്നു നൂർദീൻ കാക്കയുടെ കട.  നാല് ചീലാന്തിത്തൂണുകളിൽ താങ്ങി നിറുത്തിയ ഓരോലപ്പുര.

ഞായറാഴ്ച രാവിലെ പുരയുടെ  വാരിക്കോലുകളിൽ ചോരയിറ്റുന്ന പോത്തിൻ കാലുകൾ  തൂങ്ങിക്കിടക്കും. ഒരു വശത്ത്  പോത്തിൻതലകൾ തങ്ങളുടെ ശരീരം പങ്കിട്ടെടുക്കാൻ വരുന്നവരെ ഇമവെട്ടാതെ നോക്കിയിരുന്നു. 

വെളുപ്പിനാണ് കാക്ക പോത്തിനെ അറുക്കുന്നത്. കാലുകെട്ടി നിലത്തു കിടത്തി വെള്ളം കൊടുക്കുമ്പോഴുള്ള മൃഗത്തിൻ്റെ ദൈന്യതയും കത്തിവയ്ക്കുമ്പോഴുള്ള വേവലാതിയും പാതി മുറിഞ്ഞ പ്രാണന്റെ ശ്വാസം കിട്ടാതെയുള്ള പിടച്ചിലും അയാൾ  വർണിച്ചു കേട്ടിട്ടുണ്ട്.  സഹതാപത്തെക്കാൾ അയാളുടെ കണ്ണുകളിൽ സാഹസികതയുടെ ഹരം കലർന്ന സന്തോഷമാണ് അന്നേരം കാണുക.

കാക്ക പക്ഷേ പോത്തിറച്ചി കഴിക്കില്ലായിരുന്നു. പൈൽസോ മറ്റോ ആയിരുന്നു കാരണം.  അതിനാൽ  കൊന്ന പാപം തിന്നു തീർക്കാനും അയാൾക്ക് കഴിഞ്ഞില്ല.

അയാളുടെ ജീവിതവഴിയിൽ തിരിവുണ്ടാക്കിയത് ഒരു ബന്ധു സമ്മാനിച്ച ടീ ഷർട്ടാണ്.

ഞായറാഴ്ച കച്ചവടം കഴിഞ്ഞാൽ കാക്ക കുളിക്കാനായി നേരേ പള്ളിക്കുളത്തിലേക്ക് വരും.  ദേഹത്ത് പറ്റിപ്പിടിച്ച ചോരയും മാംസവും കുളത്തിലെ തിലോപ്പികൾക്ക്  നൽകും. പകരം കുളത്തിലെ ചെളി കുറെയൊക്കെ കാക്കയുടെ ദേഹത്തു കയറും.

പതിവുപോലെ കുളിച്ചു തോർത്തിക്കയറിയ കാക്ക പുതിയ ടീ ഷർട്ട് തലയിലൂടെ കയറ്റി. ബട്ടണില്ലാത്തതിനാലും ഇടുങ്ങിയ കഴുത്തായതിനാലും ഉടുപ്പ് പാതി വഴിയിൽ ഉടക്കി. മേലോട്ടുമില്ല  താഴോട്ടുമില്ല,  ഉടുപ്പിനുള്ളിൽ ശ്വാസം കിട്ടാതെ കാക്ക ഉഷ്ണിച്ചു പിടഞ്ഞു. ഒരാൾ ഷർട്ട് പിടച്ചൂരാൻ നോക്കി പക്ഷേ, ശരീരത്തിലെ നനവു കൂടി പറ്റിയതോടെ ഷർട്ട് ജാമായി.   കാക്ക നിലത്ത്   വീണുരുണ്ടു.

അപ്പോഴേക്കും ആരോ ഓടിപ്പോയി  അടുത്തുള്ള കടയിൽ നിന്ന് ഒരു കത്തി കൊണ്ടുവന്ന് ഷർട്ട് നെടുകെ കീറി കാക്കയെ 'പുറത്തെടുത്തു'.

കിടന്നു കൊണ്ട് മുകളിലേക്ക് നോക്കി കാക്ക ശ്വാസം വലിച്ചു കയറ്റി. പടച്ചവനെ വിളിച്ചു കരഞ്ഞു.

അതിനു ശേഷം കാക്ക ഒരിക്കലും  കടയിൽ വന്നില്ല. വെട്ടും വിൽപനയും മോനെ ഏൽപിച്ചു.

ഉടുപ്പിനുള്ളിൽ  ശ്വാസം കിട്ടാതെ പ്രാണൻ പിടയുമ്പോൾ അനേകമനേകം പോത്തുകളുടെ  കണ്ണുകൾ അയാൾക്ക്  മുന്നിൽ തെളിഞ്ഞിട്ടുണ്ടാവണം. പിൻമാറ്റത്തിന് വെറേയെന്തിനൊരു കാരണം!