എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു അനന്തപുരിവാസി. തലസ്ഥാനമെന്ന തലക്കനം കാട്ടുന്ന നാട്ടിൽ ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 05, 2007

ആദ്യത്തെ രാഗം

മനസ്സില്‍ ആദ്യം ഇഷ്ടം തോന്നിയത്‌ ആരോടായിരുന്നു. ഓര്‍ത്തെടുക്കുമ്പോള്‍ തെളിയുന്നത്‌ രാധയുടെ മുഖമാണ്‌ - വെക്കേഷന്‍ ക്ലാസ്സില്‍ ഒപ്പമുണ്ടായിരുന്ന രാധാദേവിയുടെ മുഖം.

അതിനെ പ്രേമം എന്നുപറയാമോ?! പന്ത്രണ്ട്‌ വയസ്സുകാരന്‌ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തോന്നുന്ന `ഒരിത്‌' - അത്ര തന്നെ. ഒരുദിവസം രാധയെ കണ്ടില്ലെങ്കില്‍ ഒരു വിഷമം; കണ്ടാല്‍ ഒരു സുഖം; അവളൊന്ന് ഇടംകണ്ണിട്ട്‌ നോക്കിയാല്‍ ഒരു നിര്‍വൃതി - ഇതൊക്കെയാണ്‌ രോഗലക്ഷണങ്ങള്‍. (ടിവി ചാനലുകള്‍ ഇല്ലാതിരുന്നതിനാലും സിനിമ ഇന്നത്തെയത്ര `പുരോഗമിച്ചിട്ടില്ലാ'ത്തതിനാലും പന്ത്രണ്ട്‌ വയസ്സായിപ്പോയെന്നു മാത്രം. ഇപ്പോഴാണെങ്കില്‍ ഇതിനൊക്കെ ഏഴുവയസ്സു തന്നെ ധാരാളം!)

റ്റ്യൂഷന്‍ സെന്ററില്‍ പ്രഭാകരന്‍ സാറിന്റെ കണക്കുക്ലാസ്സില്‍ എന്റെ ശ്രദ്ധ മുഴുവന്‍ രാധാദേവിയുടെ എണ്ണ മിനുത്ത കവിളിലായിരുന്നു. ഭാഗ്യം! പ്രഭാകരന്‍ സാര്‍ അതുകണ്ടില്ല. സാറിന്റെ ശ്രദ്ധ അപ്പുറത്തെ ക്ലാസിലെ സാവിത്രി റ്റീച്ചറിലായിരുന്നല്ലോ.

ഇങ്ങനെ ഞാന്‍ മാത്രം ശ്രദ്ധിച്ചിട്ടെന്തുകാര്യം. രാധയ്ക്ക്‌ കണ്ട ഭാവമേ ഇല്ല. എങ്ങനെ ശ്രദ്ധിക്കാന്‍! ഞാന്‍ അന്ന് ഇപ്പോഴത്തെപ്പോലെ സുന്ദരനല്ലല്ലോ (!). കറുത്തു മെലിഞ്ഞ ഒരു പയ്യനെ അവള്‍ നോക്കിയെങ്കിലാണദ്ഭുതം. രാധ വരുന്നത്‌ അണിഞ്ഞൊരുങ്ങി വിലകൂടിയ മണവും പൂശിയാണ്‌. നമ്മളോ. ആകെ `വാലാ-കോലാ'. ചേട്ടന്‍ കാണാതെ അടിച്ചുമാറ്റുന്ന അല്‍പം ക്യുട്ടികൂറ പൗഡറാണ്‌ ആകെയൊരു ബലം.

രാധ വരുമ്പോള്‍ എതിരേ നടന്നുനോക്കി. ക്ലാസ്സില്‍ ഉത്തരങ്ങള്‍ ഉറക്കെ പറഞ്ഞുനോക്കി. കിം ഫലം. രാധയ്ക്ക്‌ മൈന്‍ഡേയില്ല!

ക്ലാസ്സില്‍, ബോര്‍ഡില്‍ കണക്ക്‌ ചെയ്യിക്കുന്ന പതിവുണ്ട്‌, പ്രഭാകരന്‍ സാറിന്‌. അതിന്‌ നമ്മളെ വിളിച്ചിരുന്നെങ്കില്‍ അങ്ങനെയെങ്കിലും രാധ ഒന്നു ശ്രദ്ധിക്കുമായിരുന്നു. പ്രഭാകരന്‍ സാര്‍ അതിനും രാധയെ വിളിക്കും. രാധ വളരെ പതുക്കെയാണ്‌ എഴുതുക. അപ്പോള്‍ പ്രഭാകരന്‍ സാറിന്‌ ചുവരിനടുത്ത്‌ നിന്ന് സാവിത്രി റ്റീച്ചറോട്‌ കൂടുതല്‍ സൊള്ളാമല്ലോ. നമുക്ക്‌ ആകെയുള്ള ഗുണം, രാധ തിരിച്ചുവരുമ്പോള്‍ വിടര്‍ന്ന മിഴികള്‍ കാണാമെന്നുള്ളതാണ്‌. അപ്പോഴെങ്കിലും അവള്‍ നമ്മളെ നോക്കുന്നുണ്ടോ? എവിടെ നോക്കാന്‍!

രാധയോട്‌ ക്ലാസ്സ്‌നോട്ട്‌ ചോദിച്ചാലോ. അതിന്‌ ഒരുദിവസം ക്ലാസ്സില്‍ പോകാതിരിക്കണം. ഉമ്മയോട്‌ കള്ളം പറഞ്ഞ്‌ വീട്ടില്‍ നില്‍ക്കാന്‍ മടി. വീട്ടില്‍ നിന്നിറങ്ങിയാല്‍ ക്ലാസ്സില്‍ പോകാതെ വഴിയിലെങ്ങും നില്‍ക്കാനും പറ്റില്ല. കോളജിലെ പഠിപ്പ്‌ കഴിഞ്ഞു വെറുതേയിരിക്കുന്ന ചേട്ടന്‍ റോന്തുചുറ്റുന്നുണ്ടാവും. കണ്ടാല്‍ ചെവി പൊന്നായതുതന്നെ!

എങ്ങനെയോ ഒരുദിവസം പോകാതെ കഴിച്ചു. പിറ്റേന്ന് ക്യുട്ടികൂറ രണ്ടുകോട്ടടിച്ചിട്ടാണ്‌ പോയത്‌. പോകുന്ന വഴിയില്‍ ആലോചിച്ചു - രാധയോട്‌ എന്തുചോദിക്കും? `രാധേ, ഇന്നലത്തെ കണക്കിന്റെ നോട്ടൊന്നു...' ഛേ! അതുവേണ്ട; `രാധേ' എന്ന് കടുപ്പത്തില്‍ വിളിച്ചാല്‍ അവള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ... 'കുട്ടീ ആ കണക്കിന്റെ ...' അതും ഒരുസുഖമില്ല. എങ്കില്‍ പിന്നെ സംബോധനയും കര്‍ത്താവും ഒന്നും വേണ്ട. കര്‍ത്താവും ഭര്‍ത്താവും ഇല്ലാതെ ഈ നാട്ടില്‍ എന്തെല്ലാം കര്‍മ്മങ്ങള്‍ നടക്കുന്നു! `ആ കണക്കിന്റെ നോട്ട്‌ ഒന്നുതരുമോ' എന്നുമതി.

ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. മുന്‍നിരയില്‍ `വിടര്‍ന്ന മിഴികള്‍' കാണുന്നില്ല. അവളിനി വരാതിരിക്കുമോ എന്നാലോചിക്കുമ്പോഴേക്ക്‌ വാതില്‍ക്കല്‍ രാധ. മനസ്സിനെന്തൊരുസുഖം. `ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടനേ നോട്ട്‌ ചോദിക്കണം' - മനസ്സില്‍ കരുതി. അപ്പോഴാണ്‌ പ്രഭാകരന്‍ സാറിന്റെ ചോദ്യം എന്റെ പ്രതീക്ഷയാകെ പൊളിച്ചടുക്കിയത്‌ - `രാധ ഇന്നലെ എന്താ ക്ലാസ്സില്‍ വരാതിരുന്നത്‌?'. ഞാന്‍ കുരങ്ങുചത്ത കുറവനെപ്പോലെ ബഞ്ചില്‍ ഒടിഞ്ഞുകുത്തിയിരുന്നു.

രണ്ടുദിവസം രാധയെ ക്ലാസില്‍ കണ്ടില്ല. അവള്‍ റ്റ്യൂഷന്‍ നിര്‍ത്തി പോയതാണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്ക്‌ മൂന്നാം ദിവസം രാധ വന്നു. അന്നുച്ചയ്ക്ക്‌ പുതിയ `വഴികളെ'ക്കുറിച്ച്‌ തല പുകയ്ക്കുമ്പോഴാണതു സംഭവിച്ചത്‌. `ആ കണക്കിന്റെ നോട്ട്‌ ഒന്നുതരുമോ?' `വിടര്‍ന്ന മിഴികള്‍` മുന്നില്‍. വിശ്വാസം വരുന്നില്ല. `തരാമല്ലോ.. അല്ലെങ്കില്‍ നോട്ട്‌ ഞാന്‍ എഴുതിത്തരാം രാധേ' എന്നെല്ലാം പറയണമെന്നുണ്ട്‌. പക്ഷേ എന്റെ നാക്കെവിടെ?! സഹാറ പോലെ വരണ്ട വായില്‍ അതെവിടെയോ ചത്തുകിടക്കുകയാണ്‌. ആകെയൊരുവിറയല്‍. എങ്ങനെയോ ബുക്കെടുത്തുകൊടുത്തു. പിന്നെ അവള്‍ പോകുന്നതും നോക്കി മിഴിച്ചിരുന്നു.

രാധ ബുക്കുമായി തിരികെ വരുന്നുണ്ട്‌. ശ്രദ്ധിക്കത്ത മട്ടില്‍ ഗൗരവത്തില്‍ ഇരുന്നു. നമുക്കും ഒരു `വെയിറ്റൊ'ക്കെയില്ലേ! `താങ്ക്സ്‌', ബുക്കുമായി രാധ മുന്നില്‍. `താങ്ക്സ്‌' എന്നുപറയുമ്പോള്‍ തിരിച്ചുപറയുന്ന ഒരു വാക്കുണ്ടല്ലോ. ഛേ! പണ്ടാരം! ഓര്‍മ്മ വരുന്നില്ല. ഇനി ഓര്‍ത്തിട്ടും കാര്യമില്ല. അവള്‍ നടന്നുകഴിഞ്ഞു.

പെട്ടെന്ന് രാധ തിരിഞ്ഞുനോക്കി. വിടര്‍ന്ന കണ്ണൂകളില്‍ പുതിയൊരുതിളക്കവും തിരയിളക്കവും! പിന്നെയവള്‍ ചിരിച്ചുകൊണ്ട്‌ ഓടിപ്പോയി. ദൈവമേ! ഞാനിപ്പോള്‍ എവിടെയാണിരിക്കുന്നത്‌. ക്ലാസ്സിലെ കാലൊടിഞ്ഞ ബെഞ്ചിലോ, ദേവലോകത്തിലെ സിംഹാസനത്തിലോ?! എന്തൊരു സുഖദമായ നിമിഷം! മതി, ഇത്രയും മതി...

ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ `വിടര്‍ന്ന മിഴികള്‍' മുന്നില്‍ തെളിയും. നാളേ രാധയോട്‌ സംസാരിക്കണം - മനസ്സില്‍ കരുതി. എങ്ങനെ തുടങ്ങണം. എങ്ങനേയും തുടങ്ങാമല്ലോ. രാധ ഇപ്പോള്‍...

അതിരാവിലെ ക്ലാസ്സിലെത്തി. രാധ ഒന്നുവന്നെങ്കില്‍.. പക്ഷേ വിടര്‍ന്ന മിഴികള്‍ അന്ന് വാതിലില്‍ തെളിഞ്ഞില്ല. അന്നുമാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളിലും...

രാധ മറഞ്ഞതെവിടെയാണ്‌? എന്തിനായിരുന്നു അവളുടെ മിഴികളിലെ തിരയിളക്കം?

പെണ്‍കുട്ടികളുടെ ഇളക്കങ്ങള്‍ എന്തിനെന്നാര്‍ക്കറിയാം!