എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കൊല്ലത്ത് ജനിച്ചു തിരുനെല്‍വേലി ക്കാരനായി ജീവിക്കുന്ന ഒരു അനന്തപുരിവാസി. തലസ്ഥാനമെന്ന തലക്കനം കാട്ടുന്ന നാട്ടിൽ ചെറിയ തോതിലൊരു ഗുരുവും ചിലപ്പോഴൊക്കെ ശിഷ്യര്‍ക്ക് കണ്ണിലെ കുരുവുമായി, സര്‍ക്കാരിന്റെ നാലു ചക്രം വാങ്ങി അന്നം നടത്തുന്നു.

വെള്ളിയാഴ്‌ച, നവംബർ 02, 2007

ആമിന

ആമ്പല്‍പൂക്കള്‍ കാണുമ്പോഴൊക്കെ ഞാന്‍ ആമിനയെ ഓര്‍ക്കും.

രണ്ടാം ക്ലാസ്സില്‍ ഇടയ്ക്കുവച്ചാണ്‌ ആമിന ഞങ്ങളുടെ സ്കൂളില്‍ ചേര്‍ന്നത്‌. മലയാളം ക്ലാസ്സില്‍ ഏലിക്കുട്ടി റ്റീച്ചര്‍ 'പാലാഴി മഥനം' വര്‍ണിക്കുകയായിരുന്നു. അതിനിടയിലാണ്‌ വെളുത്ത തട്ടമിട്ട കുഞ്ഞുപാവാടക്കാരി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്‌. ഒപ്പം ഒരു സ്ത്രീയും.

"സാറേ, എന്റെ മോളാണ്‌. ക്ലാസ്സിലിരുത്താന്‍ എട്‌-മാഷ്‌ പറഞ്ഞ്‌..."
"എന്താ നിന്റെ പേര്‌?", ഏലിക്കുട്ടി റ്റീച്ചര്‍.
"ആമിന"
"ആമിന അവിടിരുന്നോളൂ"

ആമിന ഇരിക്കാന്‍ വന്നത്‌ എന്റടുത്തേക്കാണ്. എനിക്കതിഷ്ടപ്പെട്ടില്ല. കൂട്ടുകാരന്‍ ഓമനക്കുട്ടനിരിക്കുന്ന സ്ഥലം, അവന്‍ വരാത്തതിനാല്‍ ഞാന്‍ കയ്യേറി വച്ചിരിക്കുകയായിരുന്നു. ഒഴിഞ്ഞു കൊടുക്കുകയേ വഴിയുള്ളൂ. ഏലിക്കുട്ടി റ്റീച്ചറിന്റെ ചൂരല്‍ അവസരം നോക്കിയിരിപ്പുണ്ട്‌.

പിറ്റേന്ന് സ്കൂളിലേക്ക്‌ പോകാന്‍ ഇറങ്ങുമ്പോള്‍ വാപ്പ ആമിനയുടെ ഉമ്മയുമായി സംസാരിക്കുന്നതു കണ്ടു. ആമിന കൂടെയുണ്ട്‌. എന്നെക്കണ്ടപ്പോള്‍ വാപ്പ പറഞ്ഞു: "മോന്‍ ആമിനയെയും കൂടെ കൊണ്ടു പോ.". വയ്യെന്നു പറഞ്ഞാല്‍ വാപ്പയ്ക്കരിശം വരും. ആമിനയേയും ഒപ്പം കൂട്ടി.

വഴിയില്‍ ആമിന എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാന്‍ മിണ്ടാതെ ഗൗരവത്തില്‍ നടന്നു. അപ്പോഴാണ്‌ ആമിന കൈ എനിക്കു നേരേ നീട്ടി നിവര്‍ത്തിക്കാണിച്ചത്‌. അതില്‍ നിറയെ ചുവന്ന കുന്നിക്കുരുക്കള്‍. അവ എനിക്കു കിട്ടിയെങ്കില്‍ എന്നു വിചാരിക്കുമ്പൊഴേക്ക്‌ ആമിന ചോദിച്ചു: "ഇയാള്‍ക്കിദ്‌ വേണോ?" ഞാന്‍ തലയാട്ടി. കുന്നിക്കുരുക്കള്‍ എന്റെ കൈയിലേക്ക്‌ ചൊരിയുമ്പോള്‍ അവള്‍ പറഞ്ഞു: "വേണോങ്കി നാളേം കൊണ്ട്വരാം".

അങ്ങനെ ആമിന എന്റെ കൂട്ടുകാരിയായി. വീട്ടിന്റെ തിണ്ണയില്‍ നിന്നു നോക്കിയാല്‍ വെളുത്ത തട്ടം പാടത്തിനു നടുവിലൂടെ 'ഒഴുകി' വരുന്നതു കാണാം. കുറച്ചു കഴിയുമ്പോള്‍ 'കുഞ്ഞു പാവാടക്കാരി' വീടിനു മുന്നിലെത്തും. പിന്നെ ഒരുമിച്ച്‌ സ്കൂളിലേക്ക്‌; മടക്കവും അതുപോലെ തന്നെ.

ക്ലാസ്സില്‍ പല വാക്കുകളും ആമിന തെറ്റിച്ചാണ്‌ പറഞ്ഞിരുന്നത്‌. ആമിനയ്ക്ക്‌ 'മുളക്‌' 'വെളവും' 'പിണ്ണാക്ക്‌' 'പുണ്ണാക്കു'മായിരുന്നു. ഏലിക്കുട്ടി റ്റീച്ചര്‍ പല തവണ തിരുത്തി നോക്കി. രക്ഷയില്ലാതെ ആ പണി ചൂരലിനെ എല്‍പിച്ചു. ആമിനയുടെ കൈവെള്ള ചുവന്നതു മാത്രം മെച്ചം! സ്കൂള്‍ വിട്ടു പോകുന്ന വഴിയില്‍ ആമിന പറഞ്ഞു: "ഞാളുടെ വീട്ടില്‍ എല്ലാരും അങ്ങനാ പറയ്ന്നത്‌." അപ്പോള്‍ തലമുറകള്‍ കൈമാറി വന്ന വിജ്ഞാനമാണ്‌!

ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോഴാണ്‌ ആമിന ആമ്പല്‍ പൂക്കളെപ്പറ്റി പറഞ്ഞത്‌: "ഞങ്ങടെ കൊളത്തില്‌ ഒത്തിരി ആമ്പലൊണ്ട്‌." ആമ്പലുകള്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മയ്കൊപ്പം ബസ്സില്‍ അഴീക്കലുള്ള ഉപ്പുപ്പയുടെ വീട്ടില്‍ പോകുമ്പോള്‍ കായലിന്റെ കൈത്തോടുകളില്‍ പിറകിലേക്ക്‌ ഓടി മറയുന്ന വെള്ളാമ്പല്‍ പൂക്കള്‍ എത്രയോ കണ്ടിരിക്കുന്നു. അതിലൊന്ന് പൊട്ടിച്ചെടുക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.

"വെള്ളേം ചെമലേം എല്ലാമൊണ്ട്‌", ആമിന തുടരുകയാണ്‌. ചുവന്ന ആമ്പല്‍ ഞാന്‍ കണ്ടിട്ടേയില്ല! ഒരു ചുവന്ന ആമ്പല്‍ പൂവ്‌ കൊണ്ടു വരാമോ എന്നു ഞാന്‍ ആമിനയോട്‌ ചോദിച്ചു. "നാളെത്തന്നെ കൊണ്ട്വരാം", ആമിനയ്ക്ക്‌ വലിയ ഉത്സാഹം.

രാവിലെ, ആമ്പലുമായി ആമിന വരുന്നതും കാത്ത്‌ ഞാന്‍ നിന്നു. നേരമായിട്ടും പാടത്തിനു നടുവില്‍ 'വെളുത്ത തട്ടം' കാണുന്നില്ല. "ക്ലാസ്സ്‌ തുടങ്ങും, മോന്‍ പൊയ്ക്കോ", പുറത്തെവിടെയോ പോയിട്ടു വന്ന വാപ്പ പറഞ്ഞു.... ക്ലാസ്സിലും ഞാന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു, ആമിന വരുന്നുണ്ടോ എന്നറിയാന്‍...

ഏലിക്കുട്ടി റ്റീച്ചര്‍ ഉച്ചയ്ക്ക്‌ ക്ലാസ്സില്‍ വന്നത്‌ ചൂരലും പുസ്തകവും ഇല്ലതെയാണ്‌. റ്റീച്ചറുടെ മുഖം വല്ലാതെയിരിക്കുന്നു. എല്ലാവരും വരിയായി നില്‍ക്കാന്‍ റ്റീച്ചര്‍ പറഞ്ഞു. അപ്പോഴേക്കും സ്കൂള്‍ വിടാനുള്ള ബെല്ലടിച്ചു. കുട്ടികളെല്ലാം ഒരു നീണ്ട വരിയായി സ്കൂളിനു പുറത്തേക്കിറങ്ങി. ഒപ്പം ഏലിക്കുട്ടി റ്റീച്ചറും മാധവന്‍ സാറും.

ആമിനയുടെ വീട്ടിലേക്ക്‌ കയറുന്ന വഴിക്കരികില്‍ കുളത്തില്‍ ആമ്പലുകള്‍ കണ്ടു. വലിയ ഇലകള്‍ക്കിടയില്‍ കൂമ്പി നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍. ഇതിലേതാണ്‌ ചുവന്ന ആമ്പല്‍?...

തിണ്ണയിലെ കട്ടിലില്‍ വെള്ളത്തുണി പുതപ്പിച്ച്‌ ആമിനയെ കിടത്തിയിരിക്കുന്നു. തലയ്ക്കല്‍ പുകയുന്ന ചന്ദനത്തിരികള്‍. ഏലിക്കുട്ടി റ്റീച്ചര്‍ സാരി കൊണ്ടു മുഖംമറച്ചു വിതുമ്പുന്നു. പണ്ട്‌ ഇതു പോലെ ഉപ്പൂപ്പയെ കിടത്തിയിരുന്നതും അതു നോക്കി ഉമ്മ വിതുമ്പിക്കരഞ്ഞതും എനിക്കോര്‍മ്മ വന്നു.

കുട്ടികള്‍ വരിയായി ആമിനയുടെ മുന്നിലൂടെ കടന്നുപോയി. എന്റെ മുന്നില്‍ ആമിനയുടെ ശാന്തമായ മുഖം. കണ്ണീരിന്റെ നേര്‍ത്ത പാടയില്‍ അതു മെല്ലെ മറഞ്ഞുപോയി....

മാഞ്ചുവട്ടില്‍ മാധവന്‍ സാര്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുന്നു. "എങ്ങനെയാ ഇത്‌..."
"രാവിലെ പൂ പറിക്കാന്‍ കുളത്തില്‌ ഇറങ്ങിയാപ്പോ കാലു തെറ്റി വീണതാണെന്നാ കേക്കുന്നത്‌.. ശബ്ദം കേട്ട്‌ തള്ള ഓടി വന്നു നോക്കിയപ്പൊ കൊച്ചിനെ കാണാനില്ല..."

നെഞ്ചാളിപ്പ്പ്പോയി. പടച്ചവനേ.. എനിയ്ക്ക്‌ ആമ്പല്‍ പൊട്ടിക്കാനാണ് ആമിന കുളത്തിലിറങ്ങിയത്‌... അപ്പോള്‍ ഞാന്‍ കാരണമല്ലേ ആമിന.. ദേഹമാകെ നടുങ്ങുന്നു. ചുറ്റും തിരിയുന്നതു പോലെ. വരിയില്‍ മുന്‍പില്‍നിന്ന കുട്ടിയുടെ തോളില്‍ മുറുകെപ്പിടിച്ചു...
********************************

നെറ്റിയില്‍ നല്ല തണുപ്പ്‌. കണ്ണ്‌ തുറന്നുനോക്കി. ഉമ്മ നനഞ്ഞ തുണിവച്ച്‌ നെറ്റി തുടയ്ക്കുന്നു.

"എന്തൊര്‌ പനിയായിരുന്നു രാത്രി മുഴുവന്‍.. കൂടെ പിച്ചും പേയും പറച്ചിലും.."
ഞാന്‍ ഉമ്മയുടെ കയ്യില്‍ മുറുകെപ്പ്പ്പിടിച്ചു: "ഉമ്മാ.."

"എന്താ മോനേ..."
"പൂ പൊട്ടിക്കാന്‍ പോയില്ലായിരുന്നെങ്കില്‍ ആമിനയ്ക്‌ ഇതു പറ്റില്ലയിരുന്നു, അല്ലേ?"
"മോന്‍ വിഷമിക്കാതെ", ഉമ്മ എന്റെ തലയില്‍ തലോടി. "പടച്ചവനല്ലേ എല്ലാം തോന്നിക്കുന്നതും തീരുമാനിക്കുന്നതും. ഓള്‍ക്ക്‌ അത്രയും ആയുസ്സേ വിദിച്ചിട്ടുള്ളൂ..."

ആശ്വാസത്തോടെ ഞാന്‍ ഉമ്മയോട്‌ ചേര്‍ന്നു കിടന്നു